सद्गुरु

ഞാന്‍ പൂര്‍ണ്ണ ബോധവാനായിരുന്നു, എന്നാല്‍ ആ നിമിഷം വരെ ഞാന്‍ എന്ന് സ്വയം കരുതിയിരുന്നതെല്ലാം എവിടെയോ മാഞ്ഞുപോയി. പെട്ടെന്ന് എനിക്ക് ഞാനേത്, ഞാനല്ലാത്തതേത്, എന്ന് തിരിച്ചറിയാന്‍ സാധിക്കാതെയായി. ഞാന്‍ ശ്വസിക്കുന്ന വായുവും ഞാനിരിക്കുന്ന പാറയും എന്‍റെ ചുറ്റുപാടുകളും എല്ലാം ഞാനായിത്തീര്‍ന്നിരുന്നു.

രണ്ടുകൊല്ലക്കാലംകൊണ്ട്, ലോകം ഒന്ന് ചുറ്റി നടന്നു കണ്ടുകളയാം എന്ന് ഞാന്‍ ചിന്തിച്ചു. അതിനായി ഞാന്‍ ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചു. കുറേ കഴിയുമ്പോള്‍ അതുവിറ്റ്, കിട്ടുന്ന പണവുമായി ലോകം കാണാന്‍ ഇറങ്ങാം എന്നു കരുതി. അക്കാലത്ത് കോഴിവളര്‍ത്തല്‍ വളരെ ലാഭകരമായ ബിസിനസ്സ് ആയിരുന്നതിനാല്‍ ഞാന്‍ ധാരാളം പണം സമ്പാദിച്ചു. ബിസിനസ്സ് നല്ല രീതിയില്‍ നടന്നുകൊണ്ടിരുന്നു. ഇതറിഞ്ഞ എന്‍റെ പിതാവ് സ്തബ്ധനായിപ്പോയി. തന്‍റെ മകന്‍ കോഴിവളര്‍ത്തുന്നു എന്നു പറയുവാന്‍ അച്ഛന്‍ ഇഷ്ടപ്പെട്ടില്ല. എന്‍റെ പിതാവും എന്‍റെ സുഹൃത്തുക്കളും അദ്ധ്യാപകരും ഇങ്ങിനെ പറയുമായിരുന്നു: "എന്തിനാണ് നിന്‍റെ ജീവിതം ഇങ്ങനെ പാഴാക്കികളയുന്നത്? നീ മറ്റെന്തെങ്കിലും ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതിയത്."

എന്‍റെ അച്ഛനും സുഹൃത്തുക്കളും അദ്ധ്യാപകരും ഇങ്ങിനെ ചോദിക്കുമായിരുന്നു: "എന്തിനാണ് നിന്‍റെ ജീവിതം ഇങ്ങനെ പാഴാക്കികളയുന്നത്? നീ മറ്റെന്തെങ്കിലും ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതിയത്."

ജീവിതത്തില്‍ ഒരിക്കലും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് ഞാന്‍ ജീവിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ ജീവിതം പാഴാക്കുകയായിരുന്നില്ല. കോഴിവളര്‍ത്തല്‍ഫാം ഇങ്ങനെയായിരുന്നു ഫാമിലെ കാര്യങ്ങള്‍ക്കായി രാവിലെ നാലുമണിക്കൂര്‍ ചിലവഴിച്ചാല്‍ പിന്നെ ഞാന്‍ സ്വതന്ത്രനായിരുന്നു. ബാക്കിയുള്ള സമയം ഞാന്‍ ധ്യാനത്തിനും നീന്തലിനും മരത്തില്‍ തൂങ്ങി ആടുന്നതിനും കവിതയെഴുത്തിനും കവിതകള്‍ വായിക്കുന്നതിനും ചിലവഴിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അത്യന്തം ആനന്ദകരമായ പ്രവൃത്തികളായിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ ഞാന്‍ ജീവിതം നഷ്ടപ്പെടുത്തുകയാണെന്ന് എന്നോട് പറഞ്ഞു.

എനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ മുതല്‍ ഞാന്‍ യോഗ പരിശീലിക്കുന്നുണ്ടായിരുന്നു. അച്ചടക്കത്തിന്‍റെ പേരില്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന ആളായിരുന്നില്ല ഞാന്‍. ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ യോഗ സംഭവിക്കുകയായിരുന്നു. ഈ കൊല്ലങ്ങളിലെല്ലാം എല്ലാ ദിവസങ്ങളിലും അത് സംഭവിച്ചു കൊണ്ടിരുന്നു. അത് ഞാന്‍ എവിടെയായിരുന്നാലും മലകയറുമ്പോഴും, സംഭവിക്കും. ചിട്ടയായി പ്രവര്‍ത്തിക്കുക എന്നത് എന്‍റെ ശീലമായിരുന്നില്ല. വന്യമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു. എങ്കിലും യോഗ സംഭവിച്ചു കൊണ്ടിരുന്നു. എന്‍റെ സംരംഭങ്ങള്‍ എല്ലാം വിജയമായിരുന്നു. അതുപോലെ ഞാന്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു. കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നീങ്ങുമ്പോള്‍ നിങ്ങള്‍ ചിന്തിക്കും; ഭൂമികറങ്ങുന്നത് സൂര്യനു ചുറ്റുമല്ല, നിങ്ങള്‍ക്ക് ചുറ്റുമാണെന്ന്. അതുകൊണ്ട് ചെയ്ത എല്ലാ പ്രവൃത്തികളിലും അമിതമായ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.

ചാമുണ്ഡിക്കുന്നുകളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ അവിടെ പോയിട്ടുണ്ടോ? കുട്ടിയായിരുന്ന കാലം മുതല്‍ ഞാന്‍ കയറിനടന്നിരുന്ന കുന്നാണത്. എനിക്ക് പത്തോ പതിനൊന്നോ വയസ്സു പ്രായമുള്ളപ്പോള്‍ എവിടെ നിന്നെങ്കിലും പത്തു രൂപ കിട്ടിയാല്‍ മൂന്ന് റൊട്ടിയും പത്തു മുട്ടയും വാങ്ങും. എന്നിട്ട് രഹസ്യമായി മുട്ട പുഴുങ്ങി, അതെല്ലാമായി, ഒരു കുറിപ്പെഴുതി വെച്ചിട്ട് ഞാന്‍ അവിടെ പോകുമായിരുന്നു. മൂന്നു നാലു ദിവസം ആ വനത്തിനുള്ളില്‍ ചിലവഴിക്കും. അനുവാദം ചോദിച്ചാല്‍ കിട്ടുകയില്ല എന്നുറപ്പുള്ളതിനാലാണ് കുറിപ്പെഴുതി വെച്ചിട്ട് സ്ഥലം വിട്ടിരുന്നത്. എന്നാല്‍ തിരിച്ചുവരുമെന്ന് പറയുന്ന സമയത്തുതന്നെ തിരിച്ചു വരുമായിരുന്നു. റൊട്ടി തീരുന്നതുവരെ വീട്ടിലെത്തുകയില്ലായിരുന്നു. വനത്തിലൂടെ കറങ്ങി നടക്കുവാനും മരത്തില്‍ കിടന്നുറങ്ങുവാനുമെല്ലാം ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. പാമ്പുകളെ പിടിക്കുവാന്‍ ഞാന്‍ സമര്‍ത്ഥനായിരുന്നു. മൂന്നുദിവസം കഴിയുമ്പോള്‍ സഞ്ചി നിറയെ പാമ്പുകളുണ്ടാവും. അവയെ കൂടെ കൊണ്ടു നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. വീട്ടില്‍ എല്ലാവരും അഞ്ചോ പത്തോ രൂപപോലും എന്‍റെ കണ്ണില്‍പ്പെടാതെ സൂക്ഷിച്ചുവെക്കുവാന്‍ ശ്രദ്ധിച്ചിരുന്നു, എന്തുകൊണ്ടെന്നാല്‍ അത് കയ്യില്‍ കിട്ടിയാല്‍ ഞാന്‍ അപ്രത്യക്ഷനാവുമെന്ന് അവര്‍ക്കറിയാമായിരുന്നു

അതുകൊണ്ട് ഈ ചാമുണ്ഡിക്കുന്നുകള്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരുന്നു. അവിടെ ഞാന്‍ വളരെയധികം സമയം ചിലവഴിച്ചിരുന്നു. ഞാനും എന്‍റെ സുഹൃത്തുക്കളും അവിടെ ബൈക്കോടിച്ചു മത്സരിക്കുകയും ധ്യാനിക്കുകയും ചെയ്തു. അവിടെ വെച്ച് പാര്‍ട്ടികളും ബിസിനസ്സ് മീറ്റിംഗുകളും ഞങ്ങള്‍ നടത്തിയിരുന്നു. ഒരു ദിവസം വൈകുന്നേരം മൂന്നു മണി സമയത്ത് ഞാന്‍ അവിടെപ്പോയി എന്‍റെ വാഹനം പാര്‍ക്ക് ചെയ്തു. അവിടെ ഞാന്‍ പതിവായി ഇരിക്കാറുള്ള ഒരു പാറയുടെ മുകളിലിരുന്നു. കണ്ണുകള്‍ അടച്ചിരുന്നില്ല, തുറന്നു തന്നെയിരുന്നു. പത്തുമിനിറ്റുകള്‍ കഴിഞ്ഞുകാണും, എനിക്ക് എന്തോ സംഭവിക്കുന്നതായി അനുഭവപ്പെട്ടു. ഈ ജീവിതകാലം മുഴുവന്‍ ഞാന്‍ ചിന്തിച്ചിരുന്നത് ഇത് (തന്‍റെ നേരെ വിരല്‍ ചൂണ്ടി) ഞാനാണെന്നാണ്. പെട്ടെന്ന് എനിക്ക് ഞാനേത്, ഞാനല്ലാത്തതേത്, എന്ന് തിരിച്ചറിയാന്‍ സാധിക്കാതെയായി. ഞാന്‍ ശ്വസിക്കുന്ന വായുവും ഞാനിരിക്കുന്ന പാറയും എന്‍റെ ചുറ്റുപാടുകളും എല്ലാം ഞാനായിത്തീര്‍ന്നിരുന്നു. അതിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ ചിത്തഭ്രമമാണെന്ന് നിങ്ങള്‍ കരുതും. എന്തെന്നാല്‍ സംഭവിച്ചത് വര്‍ണ്ണനാതീതമാണ്. ഞാന്‍ എന്നത് എങ്ങും നിറഞ്ഞതും അതിബൃഹത്തുമായിരുന്നു. ഈ അനുഭവം ഏതാനും മിനിട്ടുകള്‍ നിന്നിട്ടുണ്ടാവുമെന്നാണ് ഞാന്‍ ധരിച്ചത്. എന്നാല്‍ സ്വബോധത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ വൈകുന്നേരം ഏഴര മണിയായിരുന്നു. സൂര്യനസ്തമിച്ചിരുന്നു. എന്‍റെ കണ്ണുകള്‍ തുറന്നിരുന്നു. ചുറ്റുപാടും ഇരുട്ട് വ്യാപിച്ചിരുന്നു. ഞാന്‍ പൂര്‍ണ്ണ ബോധവാനായിരുന്നു, എന്നാല്‍ ആ നിമിഷം വരെ ഞാന്‍ എന്ന് സ്വയം കരുതിയിരുന്നതെല്ലാം എവിടെയോ മാഞ്ഞുപോയി.

എനിക്ക് എട്ടുവയസ്സുള്ളപ്പോള്‍ സംഭവിച്ച ഒരുകാര്യം നന്നായി ഓര്‍മ്മയിലുണ്ട്. എന്തോ സംഭവിച്ചു, ഞാന്‍ കരഞ്ഞു. എന്നാല്‍ അന്ന് ഞാന്‍ തീരുമാനിച്ചു, മേലാല്‍ ഒരു കാര്യത്തിനും കരയാന്‍ പാടില്ല എന്ന്. ഞാന്‍ അതില്‍ത്തന്നെ ഉറച്ചുനിന്നു. എട്ടു വയസ്സു മുതല്‍ ഇരുപത്തിയഞ്ചു വയസ്സുവരെ ഒന്നിനും ഞാന്‍ കരഞ്ഞിട്ടില്ല. എന്നാല്‍ ഇവിടെ ഇതാ കണ്ണീരില്‍ കുതിര്‍ന്ന ഷര്‍ട്ടുമായി, അടക്കാനാവാത്ത ആനന്ദാനുഭൂതിയുമായി ഞാനിരിക്കുന്നു! എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിവില്ലായിരുന്നു. എനിക്ക് സമനില തെറ്റുകയാണോ എന്ന് എന്‍റെ യുക്തിബോധം ചോദിച്ചു. എന്‍റെ മനസ്സ് അങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോഴും ആ അനുഭവത്തിന്‍റെ അവര്‍ണ്ണനീയ സൗന്ദര്യം കാരണം, അത് നഷ്ടമാവരുതേ എന്ന് ഞാന്‍ ആഗ്രഹിച്ചു.

എന്നെ വളര്‍ത്തിക്കൊണ്ടുവന്നത് ഒരുതരത്തിലുള്ള ആദ്ധ്യാത്മികതയിലൂടെയുമായിരുന്നില്ല. ഞാന്‍ വായിച്ചിരുന്നത്, ഡോസ്റ്റോവ്സ്കി, കാമു, കാഫ്ക തുടങ്ങിയ യൂറോപ്യന്‍ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളായിരുന്നു. ഞാന്‍ വളര്‍ന്നു വന്ന അറുപതുകള്‍ ബീറ്റില്‍സിന്‍റേയും ബ്ളൂ ജീന്‍സിന്‍റേയും കാലമായിരുന്നതിനാല്‍ അതിന്‍റെ സ്വാധീനം എന്നിലുമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഞാന്‍ എന്‍റെ ചിന്തക്ക് അതീതമായ ഏതോ ഒന്നിലേക്ക് കത്തിക്കയറുകയായിരുന്നു. അതെന്തെന്ന് എനിക്കറിയില്ല. പിന്നെ ആ അനുഭവം ഉണ്ടായത് ആറേഴു ദിവസങ്ങള്‍ക്കുശേഷം ഞാന്‍ കുടുംബത്തിനൊപ്പം അത്താഴം കഴിക്കാനിരുന്നപ്പോഴാണ്. ഒന്നോ രണ്ടോ മിനിട്ടുകള്‍ എന്ന് ഞാന്‍ വിചാരിച്ചെങ്കിലും ഏഴു മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. പൂര്‍ണ്ണബോധത്തോടെ ഞാന്‍ അവിടെയിരിക്കുകയായിരുന്നു എന്നാല്‍ ഈ 'ഞാന്‍' അവിടെ ഇല്ലായിരുന്നു, അവിടെ 'എല്ലാം' മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇത്തരം അനുഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ സന്ദര്‍ഭങ്ങളില്‍ ഭക്ഷണവും ഉറക്കവും ഇല്ലാതെ വളരെ ദിവസങ്ങള്‍, ചിലപ്പോള്‍ പതിമൂന്നു ദിവസങ്ങള്‍ വരെ ഞാന്‍ ചിലവഴിച്ചിരുന്നു. വെറുതെ അങ്ങിനെ ഒരിടത്ത് ഇരുന്നു, അത്രമാത്രം. എന്‍റെ തലപൊട്ടിത്തെറിക്കുകയായിരുന്നെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അറിയാമായിരുന്ന ഒരു കാര്യം, ഇത് ഒരിക്കലും നഷ്ടമാവരുതേ എന്ന ചിന്ത മാത്രം. ആ സന്ദര്‍ഭങ്ങളില്‍ എന്നെക്കണ്ട ആളുകള്‍ പറഞ്ഞു "ഓ, ആള്‍ സമാധിയിലാണ്" എന്ന്. ചിലര്‍ക്ക് എന്നെ മാലചാര്‍ത്തണമെന്നും, പാദം തൊടണമെന്നും തോന്നി. ആളുകളുടെ ഭ്രാന്തെന്നല്ലാതെ അവര്‍ അങ്ങിനെയൊക്കെ പെരുമാറുമെന്ന് എനിക്ക് വിശ്വസിക്കാനായില്ല (ചിരിക്കുന്നു). എനിക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ വിവരിക്കുവാന്‍ വാക്കുകളില്ലായിരുന്നു. എന്നാല്‍ അത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് നിരന്തരമായ ഒരു ജീവിത യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. ഈ സമയത്ത് എന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായി. ഉള്ളില്‍ ഉണ്ടായ മാറ്റങ്ങള്‍ വര്‍ണ്ണനാതീതമായിരുന്നു. എന്നാല്‍ എന്‍റെ ശരീരത്തിലും കണ്ണിലും ശബ്ദത്തിലുമെല്ലാം മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. ആ മാറ്റങ്ങള്‍ അത്ര പ്രത്യക്ഷമായിരുന്നതിനാല്‍ ആളുകള്‍ക്കു തോന്നി എനിക്കെന്തോ കാര്യമായി സംഭവിക്കുന്നു എന്ന്.

അന്നൊരു ദിവസം പെട്ടെന്ന് എന്‍റെ സഹപ്രവര്‍ത്തകനെ വിളിച്ച് ഞാന്‍ ഇങ്ങിനെ പറഞ്ഞു: "നാളെത്തൊട്ട് ഞാന്‍ നമ്മുടെ ബിസിനസ്സിന്‍റെ ഭാഗമല്ല. ഞാന്‍ എന്താണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എനിക്കറിയില്ല. അടുത്തതായി എന്ത് ചെയ്യണമെന്നും എനിക്കറിയില്ല." ഒരുകൊല്ലക്കാലം യാത്രകളും മറ്റുമായി ഞാന്‍ കഴിഞ്ഞു. എന്‍റെ ഫാമും ബിസിനസ്സുമെല്ലാം വേണ്ടെന്നു വച്ചു. ഇനിയെന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ഓര്‍മ്മകളുടെ ഒരു പ്രളയം തന്നെ എന്നിലേക്കെത്തി, ജന്മ ജന്മാന്തരങ്ങളിലെ ഓര്‍മ്മകള്‍ എന്നിലേക്കിറങ്ങി വന്നു. എന്നാല്‍ സംശയാലുവായിരുന്ന എനിക്ക് ഒന്നും കണ്ണടച്ചു വിശ്വസിക്കുന്ന സ്വഭാവമല്ലായിരുന്നു. ഒരു കാലത്തും, ഒരു ക്ഷേത്രത്തിലും കയറിയിട്ടില്ലാത്തയാളായിരുന്നു ഞാന്‍. ഞാന്‍, കാണുകയും മനസ്സിലാക്കുകയും ചെയ്യാത്ത ഒന്നിനേയും വിശ്വസിക്കാന്‍ തയ്യറായിരുന്നില്ല. അതിനാല്‍ ആ ഓര്‍മ്മകളുടെ പിറകെ പോകുവാന്‍ ഞാന്‍ തയ്യാറായി. ആ ഓര്‍മ്മകള്‍ എനിക്കു നല്‍കിയ ലക്ഷണങ്ങള്‍ വെച്ച് ആ പാതകളിലൂടെ സഞ്ചരിച്ചു. ഞാന്‍ ആ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് അവിടുത്തെ ആളുകളുമായി ആശയ വിനിമയം നടത്തി കാര്യങ്ങള്‍ ബോധ്യമാക്കി. എല്ലാം സത്യമാണെന്ന് ബോധ്യമായെങ്കിലും എന്‍റെ മനസ്സ് അത് അംഗീകരിക്കുവാന്‍ കൂട്ടാക്കിയില്ല. എല്ലാം ഞാന്‍ സ്വയം നിര്‍വഹിക്കാന്‍ തീരുമാനിച്ചു.

ആ സമയത്ത് ഓര്‍മ്മകളുടെ ഒരു പ്രളയം തന്നെ എന്നിലേക്കെത്തി, ജന്മ ജന്മാന്തരങ്ങളിലെ ഓര്‍മ്മകള്‍ എന്നിലേക്കിറങ്ങി വന്നു. എന്നാല്‍ സംശയാലുവായിരുന്ന എനിക്ക് ഒന്നും കണ്ണടച്ചു വിശ്വസിക്കുന്ന സ്വഭാവമല്ലായിരുന്നു.

ആ ദിവസം മുതല്‍ ധ്യാനലിംഗം സാക്ഷാത്കരിക്കുക എന്നത് മാത്രമായി എന്‍റെ ജീവിതലക്ഷ്യം. നാം സാവധാനത്തില്‍ അതിനെ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയുള്ള ജനസമ്മതിക്കായി പ്രവര്‍ത്തിച്ചുതുടങ്ങി. ധ്യാനലിംഗസൃഷ്ടിയില്‍ വളരെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയിരുന്നു. അതിന്‍റെ സൃഷ്ടിയില്‍ ദൃക്സാക്ഷികളായിരുന്നവര്‍ അവിടെ സംഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. എല്ലാം ഒരു യക്ഷിക്കഥപോലെ അവിശ്വസനീയമായിരുന്നു. മറ്റൊരാള്‍ അതെന്നോടു പറഞ്ഞാല്‍ ഞാന്‍ അത് വിശ്വസിക്കില്ല. അത്രമാത്രമേ എനിക്കതിനെക്കുറിച്ച് പറയാന്‍ സാധിക്കൂ.

https://www.publicdomainpictures.net