सद्गुरु

അമ്പേഷി: സദ്‌ഗുരോ, എനിക്കത്‌ സംഭവിക്കാന്‍, അതായത് ആത്മീയമായ ജ്ഞാനോദയം ലഭിക്കാന്‍ ഞാന്‍ എന്തു ചെയ്യണം?

സദ്‌ഗുരു: ആദ്ധ്യാത്മികത കുറിഞ്ഞിപ്പൂച്ചയ്ക്കുള്ളതല്ല. അത്‌ നിങ്ങള്‍ മനസ്സിലാക്കണം. ജീവിതത്തില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയാത്തപ്പോള്‍ ആത്മീയതയിലേക്ക്‌ തിരിയാം എന്ന്‍ ചിന്തിക്കുന്നവര്‍ക്ക്‌ തെറ്റിപ്പോയി. ലോകത്തില്‍ ഏതു പ്രവൃത്തിയായാലും അതേറ്റെടുത്ത്‌ ചെയ്യാന്‍ കഴിവുള്ളവര്‍ മാത്രം ഇതിന്‌ ശ്രമിച്ചാല്‍ മതി. അതിനുള്ള കഴിവും തന്റേടവും ഉള്ളവര്‍ക്കു മാത്രമേ അത്‌ സാധ്യമാവൂ. മറ്റൊന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്കുള്ളതല്ല ആദ്ധ്യാത്മികത. ഇക്കാലത്ത്‌ ലോകമൊട്ടകെയുള്ളവര്‍ മനസ്സിലാക്കിയിരിക്കുന്നത്‌ ആദ്ധ്യാത്മികത ഒന്നിനും കൊള്ളരുതാത്തവര്‍ക്ക്‌ വേണ്ടിയുള്ളതാണ്‌ എന്നാണ്‌. അതിനു കാരണം ആത്മീയവാദികളെന്ന്‍ സ്വയം വിശേഷിപ്പിക്കുന്ന ഇന്നത്തെ ആളുകള്‍തന്നെയാണ്‌. ജീവിതത്തിലെ കടുത്ത യാഥാര്‍ഥ്യങ്ങളെ നേരിടാനാവാതെ, ഒന്നും ചെയ്യുന്നതിനുള്ള കഴിവില്ലാതെ, കാവിവസ്‌ത്രം ധരിച്ച്‌, അമ്പലങ്ങളില്‍ കയറിക്കൂടി ജീവിതം നയിക്കുന്നവരാണ്‌ ഇത്തരക്കാര്‍. അത്‌ ആദ്ധ്യാത്മികതയല്ല, കാവി ധരിച്ചുള്ള ഭിക്ഷാടനം ആണ്‌. ബോധമണ്ഡലത്തെ കീഴ്‌പ്പെടുത്താനോ, ബോധതലത്തിന്‍റെ ഔന്നത്യത്തിലെത്താനോ ഒരു പിച്ചക്കാരന്‌ ഒരിക്കലും കഴിയുകയില്ല.

ജീവിതത്തിലെ കടുത്ത യാഥാര്‍ഥ്യങ്ങളെ നേരിടാനാവാതെ, ഒന്നും ചെയ്യുന്നതിനുള്ള കഴിവില്ലാതെ, കാവിവസ്‌ത്രം ധരിച്ച്‌, അമ്പലങ്ങളില്‍ കയറിക്കൂടി ജീവിതം നയിക്കുന്നവരാണ്‌ ഇത്തരക്കാര്‍. അത്‌ ആദ്ധ്യാത്മികതയല്ല, കാവി ധരിച്ചുള്ള ഭിക്ഷാടനം ആണ്

രണ്ടു തരത്തിലുള്ള ഭിക്ഷാംദേഹികളുണ്ട്. ഗൌതമബുദ്ധനും അദ്ദേഹത്തെപ്പോലുള്ള സന്യാസിമാരും ഉത്തമ ഭിക്ഷാംദേഹികളാണ്‌, മറ്റുള്ളവര്‍ ഭിക്ഷക്കാര്‍ മാത്രം. തെരുവിലെ യാചകനും സിംഹാസനത്തിലിരിക്കുന്ന രാജാവും, രണ്ടു പേരും ഭിക്ഷക്കാരാണ്‌ എന്ന്‍ പറയാം. ‘എന്തെങ്കിലും തരണേ’ എന്ന്‍ രണ്ടുപേരും യാചിച്ചുകൊണ്ടിരിക്കും. തെരുവിലെ ഭിക്ഷക്കാരന്‍ പണത്തിന്‌ വേണ്ടിയോ ആഹാരത്തിനുവേണ്ടിയോ കിടക്കുവാന്‍ ഒരിടത്തിനുവേണ്ടിയോ യാചിക്കുന്നു, രാജാവാണെങ്കില്‍ സന്തോഷത്തിന്‌ വേണ്ടിയോ, മറ്റൊരു രാജ്യം കീഴടക്കുന്നതിനു വേണ്ടിയോ, രാജ്യ ഭന്ധാരം നിറക്കുന്നതിനു വേണ്ടിയോ ഒക്കെ അപേക്ഷിച്ചുകൊണ്ടിരിക്കും. എല്ലാവരും എപ്പോഴും എന്തിനെങ്കിലും വേണ്ടി യാചിച്ചുകൊണ്ടിരിക്കും. ഗൌതമബുദ്ധന്‍ ഭക്ഷണത്തിനുവേണ്ടി മാത്രമേ യാചിച്ചുള്ളു; മറ്റെല്ലാ കാര്യത്തിലും സ്വയം പര്യാപ്‌തനായിരുന്നു. മറ്റുള്ളവരാകട്ടെ, ഭക്ഷണമൊഴിച്ച്‌ മറ്റെല്ലാത്തിനും യാചിക്കുന്നു. ജീവിതം മുഴുവന്‍ അവര്‍ യാചിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ സന്യാസി ഭക്ഷണം ഒഴിച്ച്‌ മറ്റെല്ലാം തന്‍റെ ഉള്ളില്‍തന്നെ കണ്ടെത്തുന്നു. ഇതില്‍ ഏതു വഴിയാണോ നിങ്ങള്‍ക്ക്‌ ഉത്തമമെന്ന്‍ തോന്നുന്നത്‌, അത്‌ സ്വീകരിക്കുക. കൂടുതല്‍ ശക്തമായ രീതി ഏതോ, ആ രീതിയില്‍ ജീവിക്കുക.

ആത്മീയത എന്നാല്‍, അന്തരംഗത്തില്‍ ചക്രവര്‍ത്തിയായിരിക്കുക, അങ്ങിനെയായിരിക്കുകയാണ്‌ ഒരേയൊരു മാര്‍ഗം. മറ്റൊരാളില്‍നിന്ന്‍ അല്ലെങ്കില്‍ എന്തിലെങ്കിലും നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടുള്ള ജീവിതം ആരെങ്കിലും ആഗ്രഹിക്കുമോ? ചിലപ്പോള്‍ തന്‍റെ നിസ്സഹായാവസ്ഥകൊണ്ട് ‌ ഇങ്ങിനെ ചെയ്‌തേക്കാമെങ്കിലും ബോധപൂര്‍വം ആരും അത്‌ ചെയ്യാന്‍ ഇഷ്‌ടപ്പെടുകയില്ല. എല്ലായ്‌പ്പോഴും സ്വന്തം സ്വതന്ത്രനായി ജീവിക്കാന്‍ ആരാണ്‌ ആഗ്രഹിക്കാത്തത്‌? എല്ലാ കാര്യത്തിലും സ്വയം പര്യാപ്‌തനായിക്കൊള്ളണം എന്നതിനര്‍ത്ഥമില്ല. പരസ്‌പരം ആശ്രയിക്കുക എന്നത്‌ ലോകത്തിന്‍റെ രീതിയാണെങ്കിലും, ഉള്ളില്‍ സന്തുഷ്‌ടിയും നിറവും അനുഭവിക്കുന്നതിനാല്‍ ഒന്നിനും വേണ്ടി കൈനീട്ടേണ്ടിവരുന്നില്ല. ആരെങ്കിലുമായി സൌഹൃദം പങ്കിടേണ്ട ആവശ്യം പോലും വരുന്നില്ല. ആര്‍ക്കെങ്കിലും സൌഹൃദം വേണമെങ്കില്‍ നിങ്ങള്‍ അതിന്‌ തയ്യാറാണ്‌, എന്നാല്‍ സ്വയം നിങ്ങള്‍ അത്‌ കാംക്ഷിക്കുന്നില്ല. ഉള്ളില്‍ നിങ്ങള്‍ ഒരു ഭിക്ഷക്കാരന്‍ അല്ല എന്നര്‍ത്ഥം. ബാഹ്യമായ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം നിങ്ങള്‍ക്ക്‌ പുറംലോകവുമായി ബന്ധപ്പെടേണ്ടി വന്നേക്കാം. ഇതാണ് പരമമായ സ്വാതന്ത്ര്യം.

അതിമോഹങ്ങളും ആഗ്രഹങ്ങളും ഇല്ലാത്തപ്പോള്‍ മാത്രമേ സ്‌നേഹം എന്തെന്നും, ആനന്ദം എന്തെന്നും, യഥാര്‍ത്ഥത്തിലുള്ള പങ്കുവെയ്ക്കല്‍ എന്താണെന്നും ഒരാള്‍ മനസ്സിലാക്കൂ

ഇത്തരത്തിലുള്ള ഒരാള്‍ സ്വന്തം ജീവിത രീതിയിലും വ്യത്യസ്ഥത പുലര്‍ത്തുന്നു. അതിമോഹങ്ങളും ആഗ്രഹങ്ങളും ഇല്ലാത്തപ്പോള്‍ മാത്രമേ സ്‌നേഹം എന്തെന്നും, ആനന്ദം എന്തെന്നും, യഥാര്‍ത്ഥത്തിലുള്ള പങ്കുവെയ്ക്കല്‍ എന്താണെന്നും ഒരാള്‍ മനസ്സിലാക്കൂ. പങ്കുവെയ്ക്കലിലുള്ള ഈ ആനന്ദം അറിയാത്തവര്‍ക്ക്‌ കൈമാറ്റം മാത്രമേ അറിയൂ. മാറ്റക്കച്ചവടം മാത്രമാണ്‌ സാധാരണയായി ആളുകള്‍ക്കറിയാവുന്നത്‌. ‘നിങ്ങള്‍ എനിക്ക്‌ അത്‌ തരിക, ഞാന്‍ നിങ്ങള്‍ക്ക്‌ ഇത്‌ തരാം.’ ഇത്‌ പങ്കുവെയ്ക്കലല്ല, പല ബന്ധങ്ങളും പങ്കുവെയ്ക്കലല്ല, മാറ്റക്കച്ചവടമാണ്‌ നിങ്ങളുടെ പണം, നിങ്ങളുടെ ശരീരം, നിങ്ങളുടെ വികാരങ്ങള്‍, എല്ലാം അങ്ങിനെയാണ്.

'നിങ്ങള്‍ എനിക്ക്‌ ഒന്നും തരേണ്ട എന്തെന്നാല്‍ എനിക്കു നിങ്ങളില്‍നിന്ന്‍ ഒന്നും ആവശ്യമില്ല. എന്നാല്‍ എന്‍റെ കൈവശമുള്ളത്‌ ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കാം,’ പങ്കു വെയ്ക്കല്‍ ഇതാണ്‌. മാറ്റക്കച്ചവടം ചിലപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാക്കിയേക്കും, എന്നാല്‍ അത്‌ ബലഹീനര്‍ക്കുള്ളതാണ്‌. ശിവനെ കാണണമെങ്കില്‍ ഈ ബലഹീനത ഇല്ലാതാവണം. അദ്ദേഹത്തിന്‍റെ വ്യവസ്ഥകളനുസരിച്ചു മാത്രമേ അദ്ദേഹത്തെ കാണാന്‍ കഴിയൂ. വെറും ഒരു ഭിക്ഷാംദേഹിയെ അദ്ദേഹം കാണാന്‍ വരികയില്ല. ഒന്നുകില്‍ അവരുടെ നിബന്ധനക്കനുസരിച്ച്‌ അവരെ പ്രാപിക്കാന്‍ പഠിക്കണം, അല്ലെങ്കില്‍ അവരില്‍ അലിഞ്ഞുചേരണം. ഈ രണ്ടുവഴികളേയുള്ളു. ജ്ഞാനമാര്‍ഗവും ഭക്തിമാര്‍ഗവും ഇതുതന്നെയാണ്‌ പറയുന്നത്‌. സ്വയം ആരുമല്ലാതാകുക, എന്നിട്ട്‌ അദ്ദേഹത്തെ കാണുക. ജ്ഞാനമാര്‍ഗത്തില്‍ അദ്ദേഹത്തിന്‍റെ വ്യവസ്ഥക്കനുസരിച്ച്‌ അദ്ദേഹത്തെ നിങ്ങള്‍ കണ്ടെത്തുക, അനന്തതയുടെ ഭാഗമാകുക.ഇതല്ലാതെ വേറെ മാര്‍ഗങ്ങള്‍ ഒന്നുമില്ല.

പ്രേമം അഥവാ ഭക്തി കുറെക്കൂടി എളുപ്പമുള്ള മാര്‍ഗമായി തോന്നും, എന്നാല്‍ ജ്ഞാനമാര്‍ഗത്തേക്കാള്‍ കൂടുതല്‍ ചതിക്കുഴികള്‍ ഭക്തിമാര്‍ഗത്തിലാണ്‌. ജ്ഞാനമാര്‍ഗത്തില്‍ ദിശാബോധമുള്ളതിനാല്‍ വഴിതെറ്റിയാല്‍ മനസ്സിലാവും. ഭക്തിമാര്‍ഗത്തില്‍ കുഴിയില്‍ വീണാല്‍പോലും മനസ്സിലാവില്ല. സ്വന്തം മായാമോഹത്തിന്‍റെ വലയില്‍ വീണാലും മനസ്സിലാക്കുകയില്ല. ജ്ഞാനമാര്‍ഗത്തില്‍ അങ്ങനെയല്ല, ഓരോ ചുവടുവെയ്‌പ്പും അറിവോടുകൂടിയാണ്‌. മുന്‍പോട്ടും പിറകോട്ടുമുള്ള ചുവടുകള്‍ നിങ്ങള്‍ തിരിച്ചറിയുന്നു. അതൊരു കഠിനമായ പാതയാണ്‌ എന്നു ഞാന്‍ പറയുന്നില്ല, എന്നാല്‍ അത്‌ ധീരന്മാര്‍ക്കുള്ളതാണ്‌, ബലഹീനര്‍ക്കുള്ളതല്ല. എല്ലാവര്‍ക്കും സാധ്യമായ പാതയാണെങ്കിലും ബലഹീനര്‍ക്ക്‌ അത്‌ അപ്രാപ്യമാണ്‌. അവനവന്‍റെ പരിമിതികള്‍ മറികടക്കാന്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അത്‌ സാധ്യമാണ്‌. അതിന്‌ അവര്‍ തയ്യാറാണോ, അല്ലയോ എന്നതുമാത്രമാണ്‌ പ്രശ്‌നം.

ജ്ഞാനമാര്‍ഗത്തില്‍ ഓരോ ചുവടുവെയ്‌പ്പും അറിവോടുകൂടിയാണ്‌. അതൊരു കഠിനമായ പാതയാണ്‌ എന്നു ഞാന്‍ പറയുന്നില്ല, എന്നാല്‍ അത്‌ ധീരന്മാര്‍ക്കുള്ളതാണ്‌, ബലഹീനര്‍ക്കുള്ളതല്ല

നമ്മള്‍ ഏത്‌ രീതിയില്‍ ചിന്തിക്കുന്നുവോ, ആ രീതിയില്‍ ആയിത്തീരുന്നു. നിങ്ങള്‍ ഏറ്റവുമധികം വിലമതിക്കുന്നത്‌ എന്താണോ, അതിലേക്ക്‌ നിങ്ങളുടെ എല്ലാ ഊര്‍ജവും തിരിച്ചുവിടുന്നു. നിങ്ങള്‍ക്കറിയാം, വ്യത്യസ്‌ത തരത്തിലുള്ള ആളുകളും വ്യത്യസ്‌ത രീതിയിലുള്ള സംഘടനകളും, സമൂഹത്തിലുണ്ട് ‌എന്ന്‍. മദ്യപാനികളുടെ സംഘത്തിലെ കേമനാവണമെങ്കില്‍ ഏറ്റവും കൂടിയ അളവില്‍ മദ്യം അകത്താക്കണം. ആര്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ മദ്യം അകത്താക്കാന്‍ കഴിയുക എന്നതിനെക്കുറിച്ചാവും എപ്പോഴും അവരുടെ സംസാരം. ജീവിതവും അത്തരത്തിലാവുന്നു. സുഖമോഹികള്‍ ചിന്തിക്കുന്നത്‌ ആര്‍ക്കാണ്‌ ഏറ്റവും അധികം സുഖം ലഭിക്കുക എന്നാണ്‌. അവരുടെ ജീവിതത്തിന്റെ ഗതി ആ ദിശയിലാവും. ധനസമ്പാദനം ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ കൂടുതല്‍ ധനം സമ്പാദിക്കുന്നതിനെക്കുറിച്ചാവും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതുപോലെ ആദ്ധ്യാത്മിക പാതയില്‍ സഞ്ചരിക്കുന്ന ഒരാളും മനസ്സില്‍ തയ്യാറെടുപ്പ്‌ നടത്തണം, ‘ഇതാണ്‌ എന്‍റെ ജീവിതത്തില്‍ ആദ്യമായും അവസാനമായും എനിക്ക്‌ വേണ്ടത്‌’, എന്ന നിശ്ചയദാര്‍ഢ്യം. അപ്പോള്‍ ഊര്‍ജവും ആ ദിശയിലേക്കായിത്തീരുന്നു. എന്നാല്‍ മാത്രമേ നിരന്തരമായ ഈ സംഘര്‍ഷങ്ങളില്‍നിന്നും സ്വയം തിരുത്തലിനുള്ള പോരാട്ടത്തില്‍നിന്നും മോചനം കിട്ടുകയുള്ളൂ.

Photo credit : https://upload.wikimedia.org/wikipedia/commons/e/e5/Paul_Gauguin_-_D'ou_venons-nous.jpg